top of page

മുടിയുടെ ആരോഗ്യം ആയുർവേദ ദൃഷ്ടിയിൽ



പൊതുവെ മനുഷ്യർ വളരെയധികം ആകുലതയോടെ നോക്കുന്ന ഒന്നാണ് മുടിയുടെ വളർച്ചയും, കൊഴിച്ചലും, അകാല നരയും കഷണ്ടിയും. ഇതിൽ അകാല നരയും, കാലത്തിനു അനുസരിച്ചുള്ള നരയും ആളുകളെ പ്രത്യേകിച്ചും സ്ത്രീകളെ വളരെയധികം മാനസിക സമ്മർദ്ദത്തിൽ എത്തിക്കുന്നു. ഇതിനെ മുതലെടുത്തുകൊണ്ട് ധാരാളം YouTube ചാനലുകളും, മരുന്ന് കമ്പനികളും തഴച്ചു വളരുകയും, ഇതിന്റെ പിറകെ പായുന്നവരുടെ മുടിയും ഒപ്പം കീശയും ചെറുതായി വരികയും ചെയ്യുന്നു. പണ്ടൊക്കെ ഇടതൂർന്ന കറുത്ത മുടിയാണ് സ്ത്രീകളുടെ സൗന്ദര്യ സങ്കല്പം. എന്നാൽ പുതിയ തലമുറ മുടിയിൽ പല പരീക്ഷണങ്ങളും നടത്തുവാൻ ഉൽസുകാരാണ്. നാട്ടിൻ പുറങ്ങളിൽ പോലും ധാരാളം പാർലറുകൾ നമുക്ക് കാണാം.



അസ്‌ഥി ധാതുവിന്റെ ഉപധാതു എന്നാണ് ആയുർവേദത്തിൽ മുടിയെ പ്രതിപാദിച്ചിരിക്കുന്നത്. മുടിക്ക് കട്ടി നൽകുന്നതിൽ കഫവും നിറം നൽകുന്നതിൽ പിത്തവും പ്രധാന പങ്കു വഹിക്കുന്നു. കഫ പ്രകൃതി പ്രധാനമായ ഒരാൾക്ക് കറുത്ത് ഇടതൂർന്ന മുടി ഉണ്ടായിരിക്കും. ഇവരിൽ സാവധാനം മാത്രമേ നരയുടെ ലക്ഷണങ്ങൾ കണ്ടു വരികയുള്ളൂ. പിത്ത പ്രകൃതിക്കാരിൽ പെട്ടെന്ന് മുടി നരയ്ക്കുന്നതായാണ് പൊതുവെ കണ്ടു വരുന്നത്. വാത പ്രകൃതി ഉള്ളവരിൽ മുടി പെട്ടെന്ന് കട്ടി കുറയുകയും പൊട്ടുകയും ചെയ്യുന്നു. ഇന്ന് കൗമാരക്കാരിൽ പോലും വെളുത്തമുടി ധാരാളമായി കണ്ടു വരുന്നു. ജീവിത ചര്യ, മാനസിക സമ്മർദ്ദം, ഹോര്മോണിലെ അപാകതകൾ, വിരുദ്ധ ആഹാരങ്ങളുടെ അമിത ഉപയോഗം, വെള്ളത്തിലെ ക്ലോറിൻ, അന്തരീക്ഷത്തിലെ മാലിന്യങ്ങൾ, മുടിക്ക് കൃത്രിമ നിറം നൽകാനും മറ്റും ഉപയോഗിക്കുന്ന രാസ പദാർത്ഥങ്ങളും മുടി കൊഴിച്ചിലിനും അകാല നരയ്ക്കും കാരണമാകുന്നത് കണ്ടു വരുന്നു. പാരമ്പര്യവും കഷണ്ടി, നര മുതലായവയിൽ പ്രധാന പങ്കു വഹിക്കുന്നു.


കേശ സംജനനം (മുടി കിളുർക്കുക), കേശ വർധനം, കേശ രഞ്ജനം (മുടിയുടെ നിറം വർധിപ്പിക്കുക) ഇവയെ സഹായിക്കുന്ന ധാരാളം ഔഷധങ്ങൾ ആയുർവേദത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിക്കു അനുസൃതമായ ഔഷധങ്ങൾ ഉപയോഗിക്കുക എന്നത് പ്രധാനമാണ്. ശരീരവും, മനസ്സും ആരോഗ്യമുള്ളതായിരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പോഷക ഗുണങ്ങളുള്ള ആഹാരം യഥാവിധി ശീലിക്കേണ്ടത് അത്യാവശ്യമാണ്. അവരവർക്കു അനുയോജ്യമായ തൈലം പുരട്ടി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വിവിധ തരം താളികളുപയോഗിച്ചു മുടി കഴുകുന്ന സമ്പ്രദായമായിരുന്നു മുൻകാലങ്ങളിൽ നിലവിലുണ്ടായിരുന്നത്. ഇത് തലയ്ക്കു മാത്രമല്ല, കണ്ണ് ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങൾക്കും ആരോഗ്യം നൽകുന്നതായിരുന്നു.


മുടി കിളുർക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ

  • ചെമ്പരുത്യാദി കേരം

  • ഗോധൂമ തൈലം (wheat germ oil)

  • ജ്യോതിഷ്മതി തൈലം മുതലായവ

മുടി വളർച്ചയെ സഹായിക്കുന്ന ഔഷധങ്ങൾ

  • മേതികാ (ഉലുവ)

  • മാലതി (പിച്ചകം)

  • കറ്റാർ വാഴ, ചെമ്പരത്തി, തേങ്ങാ, നെല്ലിക്ക, കയ്യൂന്നി മുതലായവ.

  • ചെമ്പരത്യാദി കേരം, കയ്യുണ്യദി തൈലം, ആമലകി തൈലം മുതലായ ആയുർവേദ യോഗങ്ങൾ പ്രശസ്തമാണ്.



മുടിക്ക് നിറം നൽകുന്നതിൽ നെല്ലിക്ക, കടുക്ക, നീലിയമരി, കയ്യൂന്നി മുതലായ ഔഷധങ്ങൾ പ്രശസ്തമാണ്. ഇവ ചേർത്ത് തയ്യാറാക്കുന്ന എണ്ണ തേച്ചു മസ്സാജ് ചെയ്തു കുളിക്കുന്നതും, ഇവ ഉപയോഗിച്ചുള്ള താളി, ഹെയർ പാക്ക് എന്നിവ ഉപയോഗിക്കുന്നതും അകാലനരയെ ഒരു പരിധി വരെ തടയുന്നു.


മേൽ പറഞ്ഞ തൈലങ്ങൾ തലയിൽ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം മുടിയുടെ ആരോഗ്യം പൂർണമായും ലഭിക്കുന്നില്ല. പലപ്പോഴും ഏതെങ്കിലും അസുഖത്തിന്റെ ഭാഗമായി ധാരാളം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കേവലം ബാഹ്യമായ ചികിത്സ മുടിയുടെ ആരോഗ്യത്തിന് പരിഹാരമാകുന്നില്ല. വൈറൽ പനി, വിളർച്ച, ദഹനക്കുറവ് മുതലായ പല സന്ദര്ഭങ്ങളിലും മുടി ധാരാളമായി കൊഴിഞ്ഞു പോകുന്നു. ഒരു വൈദ്യ സഹായത്താൽ ഇതിനു ആവശ്യമായ മരുന്നുകൾ അകത്തേക്ക് കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഇന്ന് കോവിഡ് വന്നു പോയ അധികം പേരിലും മുടി ധാരാളമായി കൊഴിയുന്നത് കണ്ടു വരുന്നു. ഇതിൽ ആശങ്ക പെടാതെ പ്രതിരോധ ശക്തി വർധിപ്പിക്കുകയും, ആരോഗ്യം കൂട്ടുകയും ചെയ്യുന്ന സാധനങ്ങൾ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് മൂലം ക്രമേണ ഇതിനു കുറവ് വരുന്നു.


മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്ന ചില ആഹാരങ്ങൾ

  • പരിപ്പ് വർഗങ്ങൾ, മുട്ട, ചെറു മൽസ്യങ്ങൾ മുതലായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.

  • ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്ന മുരിങ്ങ ഇല, ചീര മുതലായവ

  • വിറ്റമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങാ നെല്ലിക്ക മുതലായവ

  • നാരുകൾ അടങ്ങിയിരിക്കുന്ന പച്ചക്കറികൾ

  • ധാരാളം വെള്ളം കുടിക്കുക.

  • വൈദ്യ നിർദേശം അനുസരിച്ചു ച്യവനപ്രാശം, നാരസിംഹ രസായനം ഇവ സേവിക്കുന്നത് നല്ലതാണ്‌.



ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ ഒരാളുടെ ആരോഗ്യത്തിന് അനുസരിച്ചായിരിക്കും അയാളുടെ മുടിയുടെ ആരോഗ്യവും. അത് പോലെ കാലാനുസൃതമായി ഉണ്ടാകുന്ന നര, കഷണ്ടി ഇവയെ ഒരു പരിധിവരെ അല്ലാതെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുകയില്ല.


205 views0 comments

Commenti


bottom of page