top of page

ശീതകാലത്തെ ചർമ്മ സംരക്ഷണം



മനസ്സിന് ഏറ്റവും സന്തോഷം നൽകുന്ന സമയമാണ് ശീതകാലം. പാർക്കുകൾ ബീച്ചുകൾ മുതലായ ബാഹ്യസ്‌ഥലങ്ങളിൽ ഒത്തു കൂടാനും, വിനോദത്തിനും പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നു. അതേ സമയം വാതം, കഫം ഈ ദോഷങ്ങൾ വർധിക്കുന്നതിനാൽ വാത, കഫ രോഗങ്ങൾ വരാനുള്ള സാധ്യതകളും കൂടുതലാണ്.


വാതത്തിന്റെ രൂക്ഷ സ്വഭാവം ചർമ്മത്തിലെ വരൾച്ച വർധിപ്പിക്കുന്നു. ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും ചൊറിച്ചൽ, വിണ്ടുകീറൽ മുതലായ രോഗങ്ങൾ വർധിക്കാൻ കാരണമാവുകയും ചെയ്യുന്നു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്.



  • ത്വക്കിലെ ജലാശം നിലനിർത്തുക. ഇതിനായി ആവശ്യത്തിന് വെള്ളം കുടിക്കുക. ചൂടുവെള്ളം, green-tea മുതലായവ ശീലമാക്കാവുന്നതാണ്.

  • ആയുർവേദ ദിനചര്യയുടെ ഭാഗമായ എണ്ണ തേച്ചുകുളി (അഭ്യംഗം) നിർബന്ധമാക്കുക. ദിവസവും ഏതെങ്കിലും എണ്ണ തേച്ചു അര മണിക്കൂറിനു ശേഷം ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുന്നത്, ശരീരത്തിൽ ചൂടും, ഈർപ്പവും നിലനിർത്തുന്നത് മാത്രമല്ല വരൾച്ചയും, ചർമരോഗങ്ങളും വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. വാത സംബന്ധമായ വേദനകളെയും അകറ്റുന്നു. ഇതിനായി വെളിച്ചെണ്ണ, നല്ലെണ്ണ, ഒലിവെണ്ണ, നാല്പാമരം തൈലം, ധന്വന്തരം കുഴമ്പ് മുതലായവ ഉപയോഗിക്കാവുന്നതാണ്.

  • താരനാണ് ശൈത്യ കാലത്തെ മറ്റൊരു വില്ലൻ. ചെറു ചൂടുള്ള എണ്ണ തലയിൽ തേച്ച് നന്നായി മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം താളിയോ, വീര്യം കുറഞ്ഞ ഷാംപൂ വോ ഉപയോഗിച്ച് കഴുകുന്നത് താരനെ അകറ്റുന്നതിനു സഹായിക്കുന്നു. ഇതിനായി മാലത്യാദി തൈലം, ദുർധൂര പത്രാദി വെളിച്ചെണ്ണ, മുതലായ ഏതെങ്കിലും തൈലം വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

  • സോപ്പ്, ഷാംപൂ ഇവ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും വരൾച്ച വർധിപ്പിക്കും.

  • മുഖത്തെ വരൾച്ചയും, ചുളിവുകളും അകറ്റാനായി ദിവസവും മുഖം മൃദുവായി മസ്സാജ് ചെയ്യുന്നത് ഉപയോഗപ്രദമായിരിക്കും. വെളിച്ചെണ്ണ, കറ്റാർവാഴ നീര് (gel), ഗ്ലിസറിനും, റോസ് വാട്ടറും യോജിപ്പിച്ച മിശ്രിതം, കുങ്കുമാദി തൈലം മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്.

  • ചുണ്ടുകളും പാദങ്ങളും വിണ്ടുകീറുന്നത് തടയാനായി ജീവന്ത്യാദി യമകം, ശത ധൗത ഘൃതം, മുതലായവ ഉപയോഗിക്കാം.

  • പുറത്ത് പോകുമ്പോൾ വരണ്ടതും തണുത്തതുമായ കാറ്റ് അധികം ഏൽക്കാതിരിക്കാനായി ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.


59 views0 comments

Kommentare


bottom of page