top of page

കൗമാരത്തിലെ ആർത്തവപ്രശ്നങ്ങൾ

പെൺകുട്ടികളിൽ ആർത്തവവും, പിന്നീട് ഗർഭാവസ്ഥയും തികച്ചും സ്വഭാവികമായ ഘട്ടങ്ങൾ ആണ്. ഏതാണ്ട് 10 വർഷങ്ങൾക്കു മുമ്പ് വരെ ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ടുവന്നിരുന്ന ഇത് രണ്ടും ഇന്ന് രോഗവസ്‌ഥ ആയാണ് പലരും നോക്കിക്കാണുന്നത്.

മുമ്പൊക്കെ 14 മുതൽ 17 വയസ്സ് വരെയുള്ള സമയത്ത് പെൺകുട്ടികൾക്ക് ആദ്യ അർത്തവം തുടങ്ങുമായിരുന്നു. പാരമ്പര്യം അനുസരിച്ച് നേരത്തെയോ വൈകിയോ ആയിരിക്കും ആരംഭം. പക്ഷേ ഇന്ന് ജീവിത ശൈലിയിലുള്ള, മാറ്റങ്ങൾ കാലാവസ്‌ഥ വ്യതിയാനം മുതലായ കാരണങ്ങളാൽ 8-12 വയസ്സ് ആകുമ്പോഴേക്കും കുഞ്ഞുങ്ങൾ ഋതു മതികൾ ആകുന്നു. അത് പോലെ ആർത്തവ വിരാമവും നേരത്തെ കണ്ടു വരുന്നു.

ആരോഗ്യമുള്ള ഒരാളിൽ 28 ദിവസം കൂടുമ്പോൾ ആണ് ശരാശരി ആർത്തവം ഉണ്ടാകുന്നത്. 6-7 ദിവസങ്ങൾക്കുള്ളിൽ രക്തസ്രാവം നിൽക്കുകയും ചെയ്യുന്നു. പക്ഷേ ആർത്തവം ആരംഭിക്കുന്ന കുട്ടികളിൽ ആദ്യത്തെ 6 മാസം മുതൽ രണ്ട് വർഷങ്ങൾ വരെ ഇതിൽ വളരെയധികം വ്യത്യാസങ്ങൾ കണ്ടുവരാം. ചിലരിൽ 20 ദിവസം കൂടുമ്പോൾ ഉണ്ടാകുന്നു, ചില കുട്ടികളിൽ രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്നു. കൂടെ ചെറിയ വയറുവേദന, ഛർദി, തലവേദന, എന്നിവയും ഉണ്ടാകാം. രക്തസ്രാവം കൂടിയും കുറഞ്ഞും ഇരിക്കാം. ഇത് ഓരോരുത്തരിലും വ്യത്യസ്ത മായിരിക്കും. ഏതാണ്ട് രണ്ട് വർഷം ആകുമ്പോഴേക്കും ആർത്തവ ചക്രം ക്രമമായി തുടങ്ങും. ഇത് തികച്ചും സ്വഭാവികമായ കാര്യമാണ്. ഇതിനെ രോഗവസ്‌ഥയായി കണ്ട് മാതാപിതാക്കൾ വ്യാകുലരാകുകയും കുട്ടികളിൽ മാനസികാസമ്മർദം കൂട്ടി ഹോർമോൺ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുട്ടികളെ പ്രതിസന്ധിയിലാക്കാതെ അവർക്ക് ധൈര്യം നൽകുകയും പോഷകാഹാരങ്ങൾ കഴിക്കാനും, ശരിയായ വ്യായാമങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും വേണം. കുട്ടികൾക്ക് അമ്മമാരുടെ കരുതലും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടേണ്ട കാലഘട്ടമാണ് ഇത്. അവരുടെ മുമ്പോട്ടുള്ള ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയായി ഇതിനെ കാണുക. വയറു വേദന, ഛർദി മുതലായ ബുദ്ധിമുട്ടുകൾ ഉള്ള പക്ഷം, ജീരകം വറുത്തു കഷായം ഉണ്ടാക്കി കഴിക്കുകയോ, ആവണക്കെണ്ണ (castor oil), ഇഞ്ചിനീര്, നാരങ്ങ നീര്, ഇന്ദുപ്പ്, നെയ് ഇവ ചേർത്ത് ഒരാഴ്ച മുമ്പേ നൽകുകയോ ചെയ്യുന്നത് നല്ലതാണ്. ദിവസവും വറുത്ത എള്ള് ഒരു സ്പൂൺ കഴിക്കുന്നതും അസ്വസ്‌ഥതകൾ കുറക്കാൻ സഹായിക്കുന്നു. ഏതാണ്ട് ഒരു രണ്ട് വർഷങ്ങൾക്കു ശേഷവും ആർത്തവം ക്രമരഹിതമായി തുടരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ മാത്രം വൈദ്യ സഹായം തേടവുന്നതാണ്.

കൗമാരത്തിൽ എത്തുന്ന പെൺകുട്ടികൾ ഇന്ന് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതോടൊപ്പം അത് വരെ തുടർന്നിരുന്ന ഡാൻസ് , സ്പോർട്സ് മുതലായ എല്ലാവിധ കായിക അഭ്യാസങ്ങളും നിർത്തുന്ന ഒരു പ്രവണത വർധിച്ചു വരുന്നു. പണ്ടൊക്കെ വീട്ടു പണികളിൽ പെൺകുട്ടികൾ സഹായിച്ചു വന്നിരുന്നു, ഇപ്പോൾ പഠനഭാരം കൂടിയതോടെ, മാതാപിതാക്കൾ കുട്ടികളുടെ പഠന കാര്യത്തിൽ ആവശ്യത്തിലധികം ശ്രദ്ധ നല്കാൻതുടങ്ങുകയും കുട്ടികൾ ചടഞ്ഞിരുന്നു പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു . ഇത് കുട്ടികളിൽ മാനസിക സമ്മർദ്ദം കൂട്ടുകയും ഹോർമോണുകളുടെ പ്രവർത്തനങ്ങളിൽ സാരമായ വ്യതി യാനം ഉണ്ടാക്കുകയും ചെയ്യുന്നു.മാത്രമല്ല ഫാസ്റ്റ് ഫുഡുകളുടെ വരവോടെ ഭക്ഷണ ക്രമത്തിൽ അടുത്ത കാലത്തായി സാരമായ മാറ്റം വരികയും ചെയ്തു. ഇതോടെ ശരീരത്തിലെ കൊഴുപ്പ് കൂടുകയും കുട്ടികളിൽ അമിത വണ്ണവും, അമിത ഭാരവും ഉണ്ടാകുകയും ചെയ്യുന്നു. ഇത് ആർത്തവചക്രത്തെ ഗുരുതരമായി ബാധിക്കുന്നു. ഓരോ മാസവും ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡം പൂർണ്ണ വളർച്ച പ്രാപിക്കാതെ അണ്ഡശയത്തിൽ തന്നെ പറ്റിനിൽക്കുന്നു.കൂടെ ചില കുട്ടികളിൽ, മുഖത്തു രോമ വളർച്ച, മുഖക്കുരു എന്നിവ കൂടുകയും, ചില ശരീരഭാഗങ്ങളിൽ നിറം കുറയുകയും ചെയ്യുന്നു മാസങ്ങളോളം ഇത് തുടരുന്ന സാഹചര്യത്തിൽ, ഡോക്ടറെ കാണുകയും സ്കാൻ ചെയ്തു നോക്കുമ്പോൾ കുഞ്ഞു മുഴകൾ പോലെ അണ്ഡശയത്തിൽ ഈ അണ്ഡങ്ങളെ കാണുകയും ചെയ്യുന്നു. ഇത് ആധുനിക ശാസ്ത്രത്തിൽ poly cystic ovary disease എന്ന പേരിൽ അറിയപ്പെടുന്നു. PCOD എന്ന ഓമനപ്പേരിൽ നാം ഇന്ന് വളരെ സാധാരണമായി ഇത് കേട്ടുവരുന്നു. 3-4 മാസം ഹോർമോൺ ചികിത്സ ചെയ്യുമ്പോൾ ആർത്തവം ക്രമമാകുന്നു എങ്കിലും മരുന്ന് നിർത്തുമ്പോൾ വീണ്ടും പഴയപടി ആയിതീരും. അതുകൊണ്ട് മരുന്നു കഴിക്കുന്നതിലും പ്രധാനമായി ജീവിത ശൈലിയിലും ആഹാര ക്രമത്തിലും ഉള്ള മാറ്റമാണ് ഏറ്റവും പ്രധാനം. എല്ലാ വിധ ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക, പരിപ്പ് പയറ് വർഗ്ഗങ്ങൾ, പഴങ്ങൾ, ധാരാളമായി ആഹാരത്തിൽ ഉൾപെടുത്തുക. പുഴുങ്ങലരി, റാഗി മുതലായവ കൂടുതൽ ഉപയോഗിക്കുക. മൈദ ഉത്പന്നങ്ങൾ ഒഴിവാക്കി പകരം ഗോതമ്പ് ഉപയോഗിക്കുക, ചെറു മത്സ്യങ്ങൾ, മുട്ടയുടെ വെള്ള, പാല്, മോര് ഇവ ആഹാരത്തിൽ ഉൾപെടുത്തുക, എണ്ണയിൽ വറുത്തതും മറ്റ് കൊഴുപ്പ ടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം അരമണിക്കൂർ ചെയ്യുക, മാനസിക സമ്മർദ്ദം കുറക്കുക, 7-8 മണിക്കൂർ വരെ ഉറങ്ങുക, ശരീരഭാരം കുറക്കുക. ഇവരിൽ വിശപ്പ്‌ കൂടുതലായിരിക്കും, അത് കൊണ്ട് തന്നെ കൂടുതൽ ആഹാരം ഒന്നിച്ചു കഴിക്കുന്നതിനു പകരം കൂടുതൽ തവണയായി കുറേശെ ആഹാരം കഴിക്കുക. ഇത് പോലെ ആഹാരവും, വ്യായാമവും ശീലിക്കുന്നത് കൊണ്ട് ആർത്തവം ക്രമമായി തുടങ്ങുന്നു. അല്ലാത്ത പക്ഷം ഗർഭചിദ്രം (abortion) വന്ധ്യത എന്നിവ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു.അത് കൊണ്ട് തന്നെ കുട്ടികളുടെ ഭക്ഷണ ക്രമത്തിലും, വ്യായാമത്തിലും ചെറുപ്പം മുതലേ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

56 views0 comments

Recent Posts

See All

Comentários


bottom of page